കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക്. അനീസ് ബസ്മീ സംവിധാനം ചെയ്ത ചിത്രത്തിൽ വിദ്യാബാലൻ തന്റെ ഐക്കോണിക് കാരക്ടറായ “മഞ്ജുലിക” ആയി വീണ്ടുമെത്തിയിരുന്നു. ഒപ്പം മാധുരി ദീക്ഷിതും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ടായിരുന്നു. നവംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ നിന്ന് 400 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. 2024-ലെ ബോക്സോഫീസ് കളക്ഷനിൽ നാലാം സ്ഥാനത്താണ് ഭൂൽ ഭുലയ്യ.
ഹൊറർ കോമഡി ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം ഉടൻ ഒടിടിയിലെത്തുമെന്നാണ് സൂചന. നെറ്റ്ഫ്ലിക്സിലാകും സ്ട്രീമിംഗ്. തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അടുത്തവർഷം ജനുവരിയിലാകുമെന്നാണ് റിപ്പോർട്ടുകൾ. തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.
മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. 2007 ൽ 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 82.8 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതിൽ ശോഭന അവതരിപ്പിച്ച കഥാപത്രത്തെയാണ് വിദ്യാബാലൻ റിക്രിയേറ്റ് ചെയ്തത്. വിദ്യക്ക് ഏറെ അഭിനന്ദനം ലഭിച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്.മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമായപ്പോൾ ഹിന്ദിയിൽ ഭൂൽ ഭുലയ്യ രണ്ടാമതും വന്നു. 2022 കാർത്തിക് ആര്യൻ നായകനായ ചിത്രം 266 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.