തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്ത വിധി നിർണയത്തിനെതിരെയാണ് പ്രതിഷേധം. കുട്ടികളും അദ്ധ്യാപകരും സംഘടിച്ചതോടെ വിധികർത്താക്കൾ സമീപത്തെ മുറിയിൽ കയറി വാതിലടച്ചു. പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. എന്നാൽ കുട്ടികളുടെ പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി നെയ്യാറ്റിൻകരയിൽ വച്ചാണ് റവന്യൂ ജില്ലാ കലോത്സവം നന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്കാണ് ഹൈസ്കൂൾ വിഭാഗം സംഘനൃത്തം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകി രാത്രി 10.30നാണ് ആരംഭിക്കാനായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മത്സരത്തിന്റെ വിധി പ്രഖ്യാപനമുണ്ടായത്. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പ്രതിഷേധമുണ്ടായത്.
വഴുതക്കാട് കാർമൽ ഹൈസ്കൂളിനാണ് ഒന്നാം സ്ഥാനം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുവന്ന വഴുതക്കാട് കോട്ടൺ ഹിൽ ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പ്രതിഷേധവുമായി ജഡ്ജിമാരെ വളഞ്ഞു. വിധി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ഇതിനെതിരെ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നതായും അദ്ധ്യാപകർ അവകാശപ്പെട്ടു. തുടർന്ന് മുറിയിൽ കയറി വാതിലടച്ച വിധികർത്താക്കളെ മൂന്ന് മണിക്കൂറിനുശേഷം പൊലീസെത്തിയാണ് മോചിപ്പിച്ചത്.