തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കോടതിയലക്ഷ്യം ഭയന്ന്. തീരുമാനം വൈകിപ്പിച്ച് മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവസരമൊരുക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഇതിനായി തുടർ നടപടികൾ വൈകിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാദ്ധ്യമങ്ങളിലടക്കം വിഷയം ചർച്ചയായതോടെ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
സജി ചെറിയാനെതിരായ കുറ്റം നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ടും അത് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തളളിയിരുന്നു. വേദിയിൽ ഉണ്ടായിരുന്നവരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും മന്ത്രിയെ രക്ഷിച്ചെടുക്കാനുളള ശ്രമമാണ് നടത്തിയതെന്നും കോടതി വിമർശിച്ചിരുന്നു. പരാമർശങ്ങൾ ഗൗരവമുളളതാണെന്നും കോടതി വിലയിരുത്തി. കൃത്യമായ തെളിവുകൾ ശേഖരിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നിട്ട് ദിവസങ്ങളായെങ്കിലും സർക്കാർ തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി ഡിജിപി നടപടി സ്വീകരിച്ചത്.
സത്യസന്ധനായ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ നിർദ്ദേശത്തിൽ ഡിജിപി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം. അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്. 2022 ജൂലൈ മൂന്നിനാണ് മല്ലപ്പള്ളിയിൽ സജി ചെറിയാൻ വിവാദമായ പ്രസംഗം നടത്തിയത്.
ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുയും ചെയ്തതോടെ സജി ചെറിയാന്റെ രാജി ആവശ്യം ശക്തമാവുകയാണ്. ഈ മാസം 21 നാണ് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം വൈകിപ്പിക്കാൻ പാർട്ടി തലത്തിലും സർക്കാർ തലത്തിലും ശ്രമമുണ്ടായി. ഉത്തരവിനെതിരെ സജി ചെറിയാന് ഹൈക്കോടതിയെ സമീപിക്കാൻ സാവകാശം നൽകുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.
പക്ഷേ വ്യാപക വിമർശനവും കോടതിയലക്ഷ്യമായേക്കുമെന്ന നിയമോപദേശവും സർക്കാരിനെ മാറ്റിച്ചിന്തിപ്പിക്കുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള നീക്കം. ഭരണഘടന ചൂഷണത്തിന് വഴിയൊരുക്കുന്നതാണെന്ന് ആയിരുന്നു സജി ചെറിയാന്റെ വാക്കുകൾ. സിപിഎം മല്ലപ്പളളി ഏരിയ കമ്മിറ്റി എഫ്ബി പേജിൽ മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉണ്ടായിരുന്നെങ്കിലും പിന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. വിഷയത്തിൽ സജി ചെറിയാൻ നേരത്തെ രാജിവെച്ചിരുന്നെങ്കിലും പൊലിസ് റിപ്പോർട്ടിൽ കുറ്റവിമുക്തനാക്കിയതോടെ തിരിച്ച് മന്ത്രിസ്ഥാനത്ത് എത്തുകയായിരുന്നു.