ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി പുറപ്പെടുവിച്ചതായി പറയപ്പെടുന്ന അറസ്റ്റ് വാറണ്ട് സംബന്ധിച്ച് യാതൊരു നോട്ടീസും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരെ യുഎസ് ഏജൻസിയായ എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്. യുഎസിലെ അദാനി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിയമ നടപടികളിൽ ഇന്ത്യൻ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസ് നീതിന്യായ വകുപ്പും സ്വകാര്യ സ്ഥാപനവും തമ്മിലുള്ള നിയമപരമായ കാര്യമാണിത്. ഇത്തരം കേസുകളിൽ നിയമത്താൽ സ്ഥാപിതമായ നടപടിക്രമങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അറസ്റ്റ് വാറണ്ട് ഉൾപ്പടെ ഇന്ത്യയിൽ നടപ്പിലാക്കേണ്ടതായി വരുന്ന നിയമനടപടികൾ അമേരിക്കൻ ഏജൻസികൾക്ക് സ്വീകരിക്കണമെങ്കിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കേണ്ടതുണ്ട്. യുഎസ് ഏജൻസി അപേക്ഷ സമർപ്പിക്കുന്നതിന് അനുസരിച്ച് വേണ്ടവിധമുള്ള നടപടികളെടുക്കാൻ ആഭ്യന്തര മന്ത്രലായം നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൻസ് അല്ലെങ്കിൽ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതിനായി വിദേശ സർക്കാർ നൽകുന്ന ഏതൊരു അഭ്യർത്ഥനയും നിയമവ്യവസ്ഥകൾ പ്രകാരം പരിഗണിക്കുന്നതാണ്. അത്തരം അഭ്യർത്ഥനകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടും. എന്നാൽ ഈ കേസിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള അഭ്യർത്ഥനയും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകൾക്ക് കൈക്കൂലി നൽകി വിദേശികളുടെ സൗരോർജ്ജ കരാറുകൾ ഉറപ്പാക്കാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചുവെന്നും ഇതുവഴി അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചുവെന്നുമാണ് ഗൗതം അദാനിക്കെതിരെ യുഎസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമപരമായി പോരാടുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.