യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. ബഹുനില പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.താമസക്കാർക്ക് ദേശീയദിന അവധിയാഘോഷിക്കാൻ നഗരത്തിലുടനീളം സൗകര്യപ്രദമായി യാത്ര ചെയ്യാൻ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി.
അവധി ദിവസങ്ങളിൽ ദുബായ് മെട്രോയും ട്രാമും അധിക മണിക്കൂറുകൾ ഓടും. അബ്രകളും വാട്ടർ ടാക്‌സികളും ഫെറിയും കൂടുതൽ സർവീസിന് തയാറായിരിക്കും.വാരാന്ത്യവും കൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ് ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സർക്കാർ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കുന്നത്. ഈദ് അൽ ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദി ഇക്കുറി അബുദാബിയിലെ അൽ ഐൻ ആണ്.