തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് കേസ് കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.
എസ്പിക്ക് കീഴിലുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സജി ചെറിയാനെതിരെ കുറ്റം നിലനിൽക്കില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടും റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും തള്ളിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
കേസന്വേഷണത്തിൽ വലിയ പാളിച്ചകൾ സംഭവിച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ആവശ്യമായ തെളിവുകൾ ശേഖരിക്കാതെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന ഒരു പൊതുചടങ്ങിനിടയിലാണ് ഭരണഘടനയെ വിമർശിച്ച് സജി ചെറിയാൻ സംസാരിച്ചത്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ജനത്തെ കൊള്ളയടിക്കാൻ കഴിയും വിധത്തിലാണ് അത് തയ്യാറാക്കിയിരിക്കുന്നത്. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിന് എഴുതി വച്ചിരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചു. എന്നാൽ പൊലീസ് ക്ലീൻചിറ്റ് നൽകിയതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.















