ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാഗമായുള്ള പരിപാടികളാണ് മാറ്റിവച്ചത്. തമിഴ്നാട്ടിൽ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ 13 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ചെന്നൈ, ട്രിച്ചി, തൂത്തുക്കുടി, മധുര, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കോയമ്പത്തൂർ, ഹൈദരാബാദ്, ഭുവനേശ്വർ, ബെംഗളൂരു, പൂനെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളെ തുടർന്ന് 2,299 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
പുതുച്ചേരി ഉൾപ്പെടെ വിവിധ മേഖലകളിൽ എൻഡിആർഎഫ് – എസ്ഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.















