ഗാസ: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി ഹമാസ് ഭീകരസംഘടനയിലെ നേതാക്കൾ ഇന്ന് കെയ്‌റോയിലെത്തും. ഹമാസ് ഉദ്യോഗസ്ഥരാണ് ഈജിപ്തിൽ നടക്കുന്ന ഈ ചർച്ചയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതും, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളാകും ഇന്ന് ചർച്ച ചെയ്യുന്നത്.
ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും ബന്ദികളെ മോചിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ ഖത്തർ, തുർക്കി, ഈജിപ്ത് എന്നിവരുമായി അമേരിക്ക വീണ്ടും ആരംഭിച്ചിട്ടുണ്ട്. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് പ്രധാനമായും മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ ശുഭസൂചകമായിട്ടാണ് ഏവരും കാണുന്നത്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാൻസ് നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിക്കുകയായിരുന്നു. നയതന്ത്ര തലത്തിൽ ആഴ്ചകളോളം തുടർച്ചയായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കരാർ നടപ്പിലായത്. കരാർ നടപ്പിലാക്കാൻ അമേരിക്കയും ഫ്രാൻസും ഇസ്രായേലിനും ലെബനനും ഒപ്പം ചേർന്ന് പ്രവർത്തിക്കും. യുഎസ്-ഫ്രാൻസ് പങ്കാളിത്തത്തിന് നന്ദി അറിയിച്ച് ഇസ്രായേലും, വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ലെബനനും പ്രസ്താവന ഇറക്കിയിരുന്നു.















