ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ച് നടൻ ശിവകാർത്തികേയൻ. പുതിയ ചിത്രമായ അമരൻ തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുന്നതിനിടെയാണ് ശിവകാർത്തികേയൻ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ മുകുന്ദ് വരദരാജനായി എത്തി പ്രേക്ഷകരുടെ മനം കവർന്ന ശിവകാർത്തികേയനെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും രാജ്നാഥ് സിംഗ് ആശംസകൾ അറിയിച്ചു. അമരന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങളെന്ന് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. ശിവകാർത്തികേയനോടൊപ്പം സംവിധായകൻ രാജ്കുമാർ പെരിയസ്വാമി, നിർമാതാവ് മഹേന്ദ്രൻ എന്നിവരും കേന്ദ്രമന്ത്രിയെ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം സൈനിക ഓഫീസർമാർ ശിവകാർത്തികേയന് അവാർഡ് സമ്മാനിച്ചിരുന്നു. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ പേരിലാണ് അവാർഡ് സമ്മാനിച്ചത്.
ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തിയ അമരൻ ബോക്സോഫീസിൽ വൻ വിജയമാണ് നേടിയത്. ആഗോളതലത്തിൽ 320 കോടി രൂപ ചിത്രം നേടി. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലെത്തിയിരുന്നു.