പത്തനംതിട്ട: കോന്നിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഇവരുടെ ഒത്താശയോടെയാണ് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും ഗോഡൗണിൽനിന്ന് കടത്തിയതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വിജിലൻസിന്റെ വകുപ്പുതല പരിശോധനയിലാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്.
സിവിൽ സപ്ലൈസ് വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർ ഒക്ടോബർ മാസത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഗോഡൗൺ ചുമതലയുണ്ടായിരുന്ന അനിൽകുമാർ, ജയദേവ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും രഹസ്യമായി 800 ക്വിന്റൽ അരിയും ഗോതമ്പും കടത്തിയെന്നാണ് എഫ്ഐആറിലുള്ളത്.
ഉദ്യോഗസ്ഥർക്ക് പുറമെ ലോറി ഡ്രൈവറേയും പ്രതി ചേർത്തിട്ടുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള പൊലീസിന്റെ തുടർനടപടികൾ. ധാന്യങ്ങൾ കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു.