മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയെന്ന സ്വപ്ന പദ്ധതിയിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്. 2026-ഓടെ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം ആരംഭിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ട്രാക്ക് സ്ലാബ് നിർമാണ കേന്ദ്രം സൂറത്തിന് സമീപം കിമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സന്ദർശനം നടത്തിയിരിക്കുകയാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്.
ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരങ്ങളായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നതെങ്കിൽ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഘടകങ്ങളും ഭാഗങ്ങളും ഇന്ത്യയിലാണ് നിർമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭാവിയിലെ നിർമാണ പദ്ധതികൾക്ക് ഈ സംവിധാനം ഗുണം ചെയ്യും. കിമ്മിലെ ഫാക്ടറി ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ ട്രാക്ക് സ്ലാബ് ഫാക്ടറികളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദഗ്ധ്യമുള്ളവരാണ് ട്രാക്ക് സ്ലാബ് നിർമാണ കേന്ദ്രത്തിലെ തൊഴിലാളികൾ. ജപ്പാന്റെ നൂതന സാങ്കേതികവിദ്യയായ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉയർന്ന ശേഷിയുള്ള ബാലസ്റ്റ്ലെസ് ട്രാക്ക് സ്ലാബുകൾ നിർമ്മിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബുകളാകും നിർമിക്കുക. ബുള്ളറ്റ് ട്രെയിൻ ട്രാക്കുകളുടെ സ്ഥിരതയും പ്രകടനവും ഉറപ്പാക്കുന്നതിൽ യൂണിറ്റ് നിർണായക പങ്ക് വഹിക്കും.
നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ആണ് പദ്ധതി നിർവഹണ ഏജൻസി. 1.10 ലക്ഷം കോടി രൂപയുടേതാണ് പദ്ധതി. ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെഐസിഎ) യിൽ നിന്നുള്ള 88,000 കോടി രൂപയുടെ സോഫ്റ്റ് ലോൺ വഴിയാണ് പദ്ധതിക്ക് പ്രാഥമികമായി ധനസഹായം നൽകുന്നത്.