ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ പെയ്തത് റെക്കോർഡ് മഴ. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലഭിച്ചതെന്നാണ് റിപ്പോർട്ട്.
24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയാണ് പുതുച്ചേരിയിൽ പെയ്തത്. 1978ലെ 31.9 സെന്റീമീറ്റർ മഴക്കണക്ക് ഇതോടെ മറികടന്നു. അതായത് ഞായറാഴ്ച രാവിലെ 7.15 വരെയുള്ള കണക്കുപ്രകാരം പുതുച്ചേരിയിൽ 490 മില്ലിമീറ്റർ മഴയും വില്ലുപുരത്ത് 504 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. ചെന്നൈ നഗരത്തെ പൂർണമായും വിഴുങ്ങിയ 2015ലെ പ്രളയകാലത്ത് പെയ്ത 494 മില്ലിമീറ്റർ മഴയേക്കാൾ കൂടുതലാണിത്.
കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. സൈന്യമെത്തി രക്ഷാദൗത്യം ആരംഭിച്ചു. നൂറിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി.
ഞായറാഴ്ച രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പുതുച്ചേരി അടക്കം അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് കരയിൽ പ്രവേശിച്ച ഫെംഗൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചെന്നൈയിലെ മഴക്കെടുതിയിൽ ഇതിനോടകം മൂന്ന് പേരുടെ മരണവും രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് മുതൽ ശനിയാഴ്ച വൈകിട്ട് 5.30 വരെയുള്ള തുടർച്ചയായ 24 മണിക്കൂറിനിടെ ചെന്നൈയിൽ പെയ്തത് 18 സെന്റിമീറ്റർ മഴയാണെന്നാണ് കണക്ക്. ചുഴലിക്കാറ്റിനെ തുടർന്ന് 16 മണിക്കൂർ അടച്ചിട്ട ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെ നാലിന് തുറന്നെങ്കിലും പല വിമാനങ്ങളും റദ്ദാക്കുകയും വൈകുകയും ചെയ്തിട്ടുണ്ട്.















