മുംബൈ: മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി പദത്തിലേക്ക് ആരുവേണമെന്നത് സംബന്ധിച്ച് തർക്കമാണെന്ന വാദം തള്ളി കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നതിനോട് ശിവസേന നേതാവായ ഷിൻഡെയ്‌ക്ക് എതിർപ്പുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി ആരാണെങ്കിലും അവർക്ക് നിരുപാധികമുള്ള പിന്തുണ നൽകുമെന്ന് ഷിൻഡെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മാമാങ്കവും തിരക്കിട്ട പ്രചാരണങ്ങളുമായി കഴിഞ്ഞ ഏതാനും മാസങ്ങൾ ഓട്ടത്തിലായിരുന്നതിനാൽ ഇപ്പോൾ അൽപം വിശ്രമിക്കാനാണ് തന്റെ ഗ്രാമത്തിലേക്ക് എത്തിയതെന്ന് സ്വദേശമായ സതാറയിൽ ഇരുന്നുകൊണ്ട് ഷിൻഡെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങളെല്ലാം മാറി, പനിയിൽ നിന്ന് മുക്തിനേടി, ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. തിരക്കേറിയ ഇലക്ഷൻ ഷെഡ്യൂൾ കഴിഞ്ഞതിനാൽ ഇവിടെ വിശ്രമിക്കാൻ വന്നതാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കഴിഞ്ഞ 2.5 വർഷമായി ഒറ്റ ദിവസം പോലും ഞാൻ അവധിയെടുത്തിട്ടില്ല. ആളുകൾ ഇപ്പോഴും എന്നെ കാണാൻ വരികയാണ്. ഈ സർക്കാർ ജനങ്ങളെ കേൾക്കുന്ന സർക്കാരാണ്. പാർട്ടി നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നിരുപാധികം നൽകുന്നതായി ഞാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ഞാൻ നിലകൊള്ളുക തന്നെ ചെയ്യും.
കഴിഞ്ഞ രണ്ടര വർഷത്തെ മഹായുതി സർക്കാരിന്റെ പ്രവർത്തനം ചരിത്രത്തിലിടം നേടുന്നതാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ ജനവിധി. പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുക്കാൻ കഴിയാത്ത വിധം ജനവിധി വന്നത് മറാഠികൾ സ്വീകരിച്ച തീരുമാനത്തിന്റെ ഭാഗമായാണ്. മഹായുതി സഖ്യത്തിലെ മൂന്ന് പ്രധാന കക്ഷികളും തമ്മിൽ വ്യക്തമായ പരസ്പരധാരണയുണ്ട്. മുഖ്യമന്ത്രിയാരെന്ന് നാളെ തീരുമാനിക്കും. – ഏകനാഥ് ഷിൻഡെ പറഞ്ഞു.















