വാരാണസി: വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ ബർത്ത്‌ഡേ ആഘോഷിച്ച മോഡലിനെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് സമീപത്തുനിന്ന് കേക്ക് മുറിച്ച ഇവർ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും പങ്കുവച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഭക്തരും മത നേതാക്കളുമടക്കം സംഭവത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.
ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്‌സുള്ള മോഡൽ മമത റായിയാണ് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു ബൊക്കയുമായി ക്ഷേത്രത്തിലെത്തുന്ന ഇവർ ഇത് പൂജാരിക്ക് കൈമാറുന്നത് കാണാം. തുടർന്ന് പ്രതിഷ്ഠക്ക് സമീപത്തുള്ള കാണിക്കവഞ്ചിക്ക് പുറത്തുവെച്ച് കേക്ക് മുറിക്കുന്നു. ആദ്യകഷ്ണം വിഗ്രഹത്തിന് സമീപം വയ്‌ക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പവിത്രമായ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ വച്ച് കേക്കുമുറിച്ചതിനെ ഭക്തർ വിമർശിച്ചു. മോഡലിനെ ഇതിൽനിന്നും തടയാൻ ശ്രമിക്കാത്ത പൂജാരിയുടെ പ്രവൃത്തിയെയും പലരും ചോദ്യം ചെയ്തു. വാരണാസിയിലെ കാശി വിദ്വത് പരിഷത്ത് വീഡിയോയ്‌ക്കെതിരെ ശക്തമായ വിമർശനമുന്നയിച്ചു. പ്രതിഷേധം ശക്തമായതോടെ ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിക്കുന്നതും വഴിപാട് നടത്തുന്നതും നിരോധിക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചിരിക്കുകയാണ്.















