ന്യൂഡൽഹി: പ്രീ-പ്ലേസ്മെന്റ് ഓഫറിലൂടെ (PPO) വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് നൽകി വീണ്ടും വാർത്തകളിൽ ചർച്ചയാവുകയാണ് IIT മദ്രാസ്. ആഗോള ട്രേഡിംഗ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റിൽ ആകർഷകമായ പാക്കേജിൽ ജോലി ലഭിച്ചിരിക്കുന്നത് IIT മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്കാണ്.
4.3 കോടി രൂപ വാർഷിക വരുമാനം നൽകാമെന്നാണ് കമ്പനിയുടെ ഓഫർ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ൻ സ്ട്രീറ്റിന്റെ ഹോങ്കോങ്ങിലെ ഓഫീസിലേക്കാണ് നിയമനം. സാലറി, ബോണസ്, റിലൊക്കേഷൻ ചെലവുകൾ എന്നിവയുൾപ്പടെ നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ ഓഫീസിൽ quantitative ട്രേഡറുടെ ജോലിയാണ് നിർവഹിക്കേണ്ടത്.
ലോകോത്തര പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും IIT മദ്രാസിന്റെ പ്രാധാന്യം വീണ്ടും വിളിച്ചോതുന്നതാണ് ഈ ഓഫറുകൾ. ഇത്തവണത്തെ പ്ലേസ്മെന്റ് സീസണിൽ നിരവധി ആഗോള കമ്പനികൾ IIT മദ്രാസിലെ വിദ്യാർത്ഥികളെ തേടിയെത്തിയിട്ടുണ്ട്.
രണ്ട് കോടിയിലധികം വാർഷിക വരുമാനം ഓഫർ ചെയ്താണ് IIT മദ്രാസിലെ പല വിദ്യാർത്ഥികളെയും BlackRock, Glean, Da Vinci തുടങ്ങിയ കമ്പനികൾ റിക്രൂട്ട് ചെയ്തിരിക്കുന്നത്. APT Portfolio, Rubrik തുടങ്ങിയ കമ്പനികൾ 1.4 കോടി ഓഫർ ചെയ്ത് പ്ലേസ്മെന്റ് നടത്തി.
വിദ്യാർത്ഥികളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും ഇതുവഴി സ്ഥാപനത്തിന്റെ മഹിമ ഉയരുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും IIT മദ്രാസ് അധികൃതർ പ്രതികരിച്ചു.