വമ്പൻ ഹൈപ്പുമായി എത്തി തിയേറ്ററിൽ അപ്പാടെ പരാജയമായ ചിത്രമായിരുന്നു സൂര്യ നായകനായ കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം 350 കോടിയോളം ചെലവഴിച്ചാണ് തിയേറ്ററിലെത്തിയത്. പ്രേക്ഷകർ ആദ്യ ദിവസം തന്നെ ചിത്രത്തെ കൈയൊഴിഞ്ഞിരുന്നു. മോശം കഥയും നിലവാരമില്ലാത്ത സംവിധാനവും അഭിനയവും ശബ്ദമിശ്രണവുമടക്കം സിനിമയിലെ സമസ്ത മേഖലകളെല്ലാം പഴികേട്ടു. നവംബർ 14 റിലീസ് ചെയ്ത ചിത്രത്തിന് മുടക്കമുതൽ തിരികെ പിടിക്കാനും സാധിച്ചില്ല. 127 കോടിയോളം രൂപയാണ് ബോക്സോഫീസിൽ നിന്ന് നേടാനായത്.
100 കോടി രൂപയ്ക്കാൻ ചിത്രത്തിന്റെ വിതരണാവകാശം വിറ്റതെന്നാണ് റിപ്പോർട്ടുകൾ. തിയേറ്ററിൽ വീണതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിൽ ഈ മാസം 13ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തെന്നിന്ത്യൻ ഭാഷകളിലാകും ലഭ്യമാകുന്നത്. സൂര്യ ഇരട്ട വേഷങ്ങളിലെത്തിയ സിനിമയിൽ ബോബി ഡിയോളാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ജഗപതി ബാബു, ദിഷാ പഠാനി, യോഗി ബാബു, റെഡ്ഡിൻ കിംഗ്സ്ലി, കോവൈ സരള, മാരിമുത്തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.















