മൊബൈൽ ഫോണില്ലാതെ, റീൽസ് കാണാതെ ഒരു ദിവസം തള്ളിനീക്കാനാവാത്ത അവസ്ഥയിലൂടെയാണ് ഓരോരുത്തരും ദിനംപ്രതി കടന്നുപോകുന്നത്. മണിക്കൂറുകളോളം സമൂഹമാദ്ധ്യമങ്ങളിൽ ചെലവഴിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക. ഓക്സ്ഫഡ് 2024 ലെ പദമായി തെരഞ്ഞെടുത്ത ‘ബ്രെയിൻ റോട്ട്’ നിങ്ങളെക്കൂടി ഉദ്ദേശിച്ചാണ്.
ഓക്‌സ്ഫഡ് നിഘണ്ടു ഈ വർഷത്തെ വാക്കായി തെരഞ്ഞെടുത്ത വാക്കാണ് ‘ ബ്രെയിൻ റോട്ട്’. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി മുന്നോട്ടുവച്ച ഈ വർഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രെയിൻ റോട്ട് ഇടംപിടിച്ചത്. 37,000 ത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ വോട്ടിംഗിലൂടെയാണ് ബ്രെയിൻ റോട്ട് ഒന്നാം സ്ഥാനം നേടിയത്.
എന്താണ് ബ്രെയിൻ റോട്ട്? അറിയാം..
സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെയുള്ള നിലവാരം കുറഞ്ഞ ഉളളടക്കങ്ങളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നതിലൂടെ ഒരാളുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് ‘ ബ്രെയിൻ റോട്ട്’. 1854 ൽ ഹെന്റി ഡേവിഡ് തോറോയുടെ വാൽഡൻ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. പിന്നീട് സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം കൂടിയതോടെ ഈ വാക്ക് വീണ്ടും ശ്രദ്ധ നേടുകയായിരുന്നു. ഇതോടെയാണ് ഈ വർഷത്തെ വാക്കായി ഓക്ഫഡ് നിഘണ്ടുവിൽ ഈ പദം തെരഞ്ഞെടുക്കപ്പെട്ടത്.
ബ്രെയിൻ റോട്ട് എങ്ങനെ പരിഹരിക്കാം..
സമൂഹമാദ്ധ്യമങ്ങളോടുള്ള അമിത ആസക്തി കുറയ്‌ക്കുകയെന്നതാണ് ഇതിനുള്ള പരിഹാര മാർഗം. ഡിജിറ്റൽ ആസക്തി കുറയ്‌ക്കുന്നതിനായി തെറാപ്പികൾ പോലുള്ള ചികിത്സാ മാർഗങ്ങൾ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത് ചെയ്യാവുന്നതാണ്.
ബ്രെയിൻ റോട്ട് അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ എണ്ണം 2023 നെക്കാൾ ഇക്കൊല്ലം 230 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ നിരോധിച്ച ടിക്ക് ടോക്ക് ആണ് ആളുകളെ ഈ അവസ്ഥയിലെത്തിക്കുന്നതിൽ മുൻപിൽ. 2024 ലാണ് ബ്രെയിൻ റോട്ട് എന്ന വാക്കിന് ഇത്രയും പ്രചാരം ലഭിക്കുന്നത്. തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി നിന്ന പദം പെട്ടന്ന് മുഖ്യധാരാ മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.