മുംബൈ: മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎമ്മുകളിൽ ക്രമക്കേട് നടന്നുവെന്ന അനാവശ്യ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചൊക്കലിംഗം. വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളും മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കളും വോട്ടിംഗ് മെഷീനിലെ കൃത്രിമം ആരോപിച്ച് പതിവുപോലെ രംഗത്തെത്തിയത്. എന്നാൽ ഇവിഎമ്മുകളെ പഴിചാരുന്ന ഹർജികൾ സുപ്രീംകോടതി ഉൾപ്പെടെ തളളിയിരുന്നു. തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളിൽ ക്രമക്കേട് ആരോപിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.
ഇവിഎമ്മുകൾക്കെതിരെ ബാലിശമായ ആരോപണം ഉന്നയിച്ച് ശരദ് പവാർ വിഭാഗം എൻസിപി നേതാവ് ജയന്ത് പാട്ടീൽ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. 5 മണിക്ക് ശേഷം വോട്ടിംഗ് ശതമാനം വർദ്ധിച്ചുവെന്ന വിചിത്ര ആരോപണമായിരുന്നു ജയന്ത് പാട്ടീൽ ഉന്നയിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെ വോട്ടിംഗ് മെഷീനുകളെ പഴിചാരി രംഗത്തെത്തിയിരുന്നു.
ഇവിഎമ്മുകൾ വേണ്ടെന്നും ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് തിരിച്ചുപോകാനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുലിന്റെ നേതൃത്വത്തിൽ കാമ്പെയ്ൻ നടത്തുമെന്നുമായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം.
288 അംഗ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിക്ക് 46 സീറ്റുകൾമാത്രമാണ് ലഭിച്ചത്. ബിജെപിയും ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയും സീറ്റുകൾ തൂത്തുവാരുകയായിരുന്നു. ബിജെപിക്ക് മാത്രം 132 സീറ്റുകളാണ് ലഭിച്ചത്. ഈ തിരിച്ചടിയുടെ അങ്കലാപ്പിലായിരുന്നു പതിവുപോലെ വോട്ടിംഗ് മെഷീനുകളെ പഴിചാരി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.