അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയ്‌ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ . 1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്ക് ആണ് വിടാമുയർച്ചിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷനെതിരെ പാരാമൗണ്ട് പിക്ചേഴ്സ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടീസ് അയച്ചത് .
ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നതും, ട്രക്ക് ഡ്രൈവർ സഹായിക്കാനെത്തുന്നതും പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ബ്രേക്ഡൗൺ എന്ന സിനിമ പറയുന്നത്. ഇതിനു സമാനമാണ് വിടാമുയർച്ചിയുടെ കഥയും.
അസർബൈയ്ജാനിലേക്കുള്ള യാത്രയ്‌ക്കിടെ ഭാര്യയെ കാണാതാകുകയും തുടർന്ന് ഭർത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ. അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.