കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ഡോക്ടർമാരുടെ പേര് പോലും റിപ്പോർട്ടിൽ ഇല്ലെന്നും വിശദമായ ഒരന്വേഷണവും നടത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഒരു നടപടിയും ഉണ്ടാകാൻ സാധ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും രജനിയുടെ കുടുംബം പറയുന്നു.
കടുത്ത ശരീരവേദയെ തുടർന്നായിരുന്നു പേരാമ്പ്ര സ്വദേശി രജനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ രജനിക്ക് നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സ ആണെന്നും പിന്നീട് ഏറെ വൈകിയാണ് യഥാർത്ഥ രോഗത്തിനുള്ള ചികിത്സ നൽകിയതെന്നും കുടുംബം പറയുന്നു. മാനസിക രോഗത്തിനുള്ള ചികിത്സ നൽകിയതും രോഗം കണ്ടെത്താൻ വൈകിയതുമാണ് രജനിയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കുടുബം ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു. എന്നാൽ പരാതിക്ക് മേൽ യാതൊരു അന്വേഷണവും നടത്താതെ തട്ടിക്കൂട്ടിയ റിപ്പോർട്ടാണ് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ചിരിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു.
ചികിത്സ മാറി നൽകിയെന്ന ഗുരുതര ആരോപണമാണ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഉയർന്നത്. എന്നാൽ ആ വിഷയത്തിൽ കൃത്യമായൊരു അന്വേഷണം നടത്താൻ പോലും മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറായിട്ടില്ല. യുവതിയുടെ ഭർത്താവ് ഗിരീഷ് സൂപ്രണ്ടിനോട് പറഞ്ഞ കാര്യങ്ങളിൽ ഡോക്ടർക്കെതിരെയുള്ള ഭാഗങ്ങൾ മാറ്റി ചിലത് മാത്രം റിപ്പോർട്ട് ആക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഈ റിപ്പോർട്ട് തന്നെയാണ് ആരോഗ്യവകുപ്പിനും കൈമാറിയിട്ടുള്ളത്.















