വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പ്രമുഖ മലയാള ദിനപത്രം കമ്മട്ടിപ്പാടത്തിലൂടെ പ്രശസ്തനായ മണികണ്ഠൻ ആചാരിയുടെ ചിത്രമാണ് ഈ വാർത്തയ്‌ക്കൊപ്പം നൽകിയത്. പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മണികണ്ഠൻ ആചാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
” നടൻ മണികണ്ഠൻ അറസ്റ്റിൽ എന്ന വാർത്ത മലപ്പുറം എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ എന്റെ നല്ലൊരു ഫോട്ടോയും വച്ചിട്ടുണ്ട്. എന്നാൽ വാർത്ത വായിക്കുമ്പോൾ അറിയാം അത് ഞാനല്ലെന്ന്. ഈ സംഭവം ഞാൻ അറിയുന്നത് തമിഴ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നാണ്. കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹം എന്നോട് നിങ്ങൾ അറസ്റ്റിൽ അല്ലേ ജയിലില്‍ അല്ലേ എന്ന ചോദിച്ചു. അദ്ദേഹത്തിന് ഈ വാർത്ത മലയാളിയായ സുഹൃത്ത് അയച്ച് കൊടുത്തതാണ്. അല്ല എന്ന് മറുപടി പറഞ്ഞു. അപ്പോഴാണ് ഫോട്ടോ തെറ്റായി വന്നത് മനസ്സിലായത്.
ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ നേരിട്ട് വിളിച്ചില്ലായിരുന്നെങ്കിൽ എന്റെ അവസരം നഷ്ടമായേനെ. ഇതിന്റെ പേരിൽ ഇതിയെത്ര അവസരം നഷ്ടപ്പെടപ്പെടുമെന്ന് അറിയില്ല. സത്യാവസ്ഥ ജനങ്ങൾ അറിയണം. കഴിഞ്ഞ ഇത്രയും കാലമായിട്ട് ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. പേരുദോഷം ഉണ്ടാകാതിരിക്കാൻ ഒരോ നിമിഷവും ശ്രദ്ധിക്കാറുണ്ട്. എന്നിട്ടും വളരെ എളുപ്പത്തിൽ ഒരു ചീത്തപ്പേര് പത്രം ഉണ്ടാക്കി തന്നു”. നിയമപരമായി പോകുമെന്നും വീഡിയോയിലൂടെ മണികണ്ഠന്‍ അറിയിച്ചു.
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമാണ് പ്രതിയായ മണികണ്ഠന്‍. ഒക്ടോബര്‍ 29ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പ്രതി മണികണ്ഠന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്ത്.