ഒരിടവേളയ്‌ക്ക് ശേഷം വളർച്ചയുടെ പടവുകൾ കയറുകയാണ് ബിഎസ്എൻഎൽ. മറ്റ് ടെലികേം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചത് മുതൽ ഒക്ടോബർ വരെ രാജ്യത്ത് 55 ലക്ഷം പേരാണ് പോർട്ടിംഗ് സൗകര്യം ഉപയോഗപ്പെടുത്തി ബിഎസ്എൻഎല്ലിലേക്ക് എത്തിയത്.
ജൂലൈയിൽ 15 ലക്ഷം വരിക്കാർ പോർട്ടിംഗ് വഴിയെത്തി. ഓഗസ്റ്റിൽ 21 ലക്ഷവും സെപ്റ്റംബറിൽ 11 ലക്ഷം പേരുമെത്തി. ഒക്ടോബറിൽ ഏഴ് ലക്ഷം പേരും മറ്റ് ടെലികോം നെറ്റ്‌വർക്കുകളിൽ നിന്ന് പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്കെത്തി. 2024 ജൂണിൽ ബിഎസ്എൻഎല്ലിലേക്ക് 63,709 സിം പോർട്ടിംഗുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് പിന്നീടുള്ള മാസങ്ങളിലെ ഈ കുതിപ്പ്.
സിം വിൽപനയിലും വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ജൂണിൽ 7.90 ലക്ഷം സിം കാർഡുകളാണ് ബിഎസ്എൻഎൽ വിറ്റത്. എന്നാൽ ജൂലൈ മുതൽ ഇതിലും കുതിപ്പ് തുടർന്നു. ഇതേ മാസം 49 ലക്ഷം പേരാണ് പുതിയ സിം എടുത്തത്. ഓഗസ്റ്റിൽ 50 ലക്ഷം, സെപ്റ്റംബറിൽ 28 ലക്ഷം, ഒക്ടോബറിൽ 19 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.
രാജ്യത്ത് ബിഎസ്എൻഎൽ വൈഫെെ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും നിലവിലുള്ള ഉപഭോക്താക്കളിൽ പകുതിയിലധികം പേരും കേരളത്തിലാണ്. രാജ്യത്താകെയുള്ള 4,06,600 വരിക്കാരിൽ 2,12,149 പേർ മലയാളികളാണ്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 1,21,075 പേരാണ് ഗുജറാത്തിൽ ബിഎസ്എൻഎൽ വൈഫൈ ഉപയോഗിക്കുന്നത്.