ഹൈദരാബാദ്: ആരാധകരുടെ ആവേശം വാനോളം ഉയർത്തി പുഷ്പ-2 റിലീസായപ്പോൾ ഹൈദരാബാദ് നഗരം സാക്ഷിയായത് ദാരുണമായ അപകടത്തിനായിരുന്നു. പ്രീമിയർ ഷോയ്‌ക്കായി തീയേറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയത് വൻ ദുരന്തത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ച രേവതി എന്ന 35-കാരിയുടെ കുടുംബം ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ഒമ്പത് വയസുള്ള മകനും ഏഴ് വയസുള്ള മകളുമാണ് രേവതിക്കുള്ളത്. മകന്റെ ആഗ്രഹപ്രകാരം തീയേറ്ററിൽ എത്തിയതായിരുന്നു തങ്ങളെന്നും രേവതിയുടെ വേർപാട് സഹിക്കാൻ കഴിയുന്നില്ലെന്നും ഭർത്താവ് ഭാസ്കർ പ്രതികരിച്ചു. 9 വയസുള്ള മകൻ അല്ലു അർജുന്റെ വലിയ ആരാധകനായതിനാൽ മകന് വേണ്ടിയായിരുന്നു പ്രീമിയർ ഷോയ്‌ക്ക് എത്തിയതെന്ന് ഭാസ്കർ പറഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റ മകനും മകളും നിലവിൽ ചികിത്സയിലാണ്.
“ഞങ്ങളുടെ മകൻ, ശ്രീ തേജ, അവൻ അല്ലു അർജുന്റെ വലിയ ആരാധകനാണ്. ഞങ്ങൾ സിനിമയ്‌ക്ക് വന്നത് അവന് വേണ്ടി മാത്രമായിരുന്നു. തേജയെ എല്ലാവരും പുഷ്പ എന്നാണ് വിളിക്കാറുള്ളത്. അവന് അത്രയ്‌ക്ക് ഇഷ്ടമായിരുന്നു അല്ലു അർജുനെ.. പക്ഷെ എന്റെ ഭാര്യയുടെ വിയോഗം എനിക്ക് താങ്ങാനാവുന്നില്ല”- ഭാസ്കർ കരഞ്ഞുകൊണ്ട് പറഞ്ഞു.
ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം പ്രീമിയർ ഷോയ്‌ക്ക് എത്തിയ അല്ലു അർജുനെ കാണാൻ ‘സന്ധ്യ’ തീയേറ്ററിന് സമീപം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടം ഇരച്ചെത്തിയതോടെ തീയേറ്ററിന്റെ പ്രധാന ഗേറ്റ് തകർന്നു. ജനങ്ങൾ നിയന്ത്രണംവിട്ട് നീങ്ങാൻ തുടങ്ങി. മറ്റ് വഴികളില്ലാതെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെയാണ് തിരക്കിൽ അകപ്പെട്ട് രേവതിയും തേജയും ശ്വാസംമുട്ടി കുഴഞ്ഞുവീണത്. ഇരുവരെയും ആളുകൾ ചവിട്ടിമെതച്ചതോടെ സംഭവസ്ഥലത്ത് വച്ചുതന്നെ രേവതി മരിച്ചു. ഗുരുതരാവസ്ഥയിലായ 9 വയസുകാരൻ തേജയെ ഉടൻ ആശുപത്രിയിലേക്കും മാറ്റി. ഏഴ് വയസുള്ള മകളും ഇവരുടെ ഒപ്പമുണ്ടായിരുന്നു. ചെറിയ പരിക്കേറ്റ ഈ കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്.
2021ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ: ദ റൈസിന്റെ സീക്വലാണ് ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയ പുഷ്പ: ദി റൂൾ. ആദ്യ സിനിമ വൻ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇതാണ് രണ്ടാം ഭാഗത്തിന്റെ ആകാംക്ഷ ഉയർത്താൻ കാരണം.