എറണാകുളം: മുനമ്പത്ത് നടക്കുന്ന വഖ്ഫ് അധിനിവേശ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു, മറ്റ് സന്യാസിമാർ എന്നിവരോടൊപ്പമാണ് ചിദാന്ദപുരി സ്വാമികൾ സമരവേദിയിൽ എത്തിയത്. അങ്ങേയറ്റം വിഷമമുണ്ടാക്കിയ വിഷയമാണിതെന്ന് ചിദാനന്ദപുരി സ്വാമികൾ ജനം ടിവിയോട് പ്രതികരിച്ചു.
ഭരണഘടനയുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. നികുതി അടച്ച് സ്വന്തം സ്ഥലത്ത് താമസിക്കുന്ന ജനങ്ങളോട് അവിടം ഉപേക്ഷിച്ച് പോകണമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ആർക്കും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. തുല്യത എന്ന അടിസ്ഥാന അവകാശം പോലും ലംഘിക്കപ്പെടുകയാണ്. മത- രാഷ്‌ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമരമാണിതെന്നും ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.
രാജ്യത്തിന്റെ പ്രതീകാത്മകമായ സമരമാണിതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു പറഞ്ഞു. സമരം 54 ദിവസം പിന്നിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ഒരുമിച്ചിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് പല രാഷ്‌ട്രീയ നേതാക്കളും പറഞ്ഞത്. എന്നാൽ രണ്ട് മിനിറ്റ് പോയിട്ട് 54 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം തീർപ്പാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
നേതാക്കൾ പറയുന്നത് പോലെ നിസാരമായ കാര്യമല്ലിത്. ഈ സമരം മുനമ്പത്ത് നിന്ന് പടർന്ന് പന്തലിച്ച് മുഴുവൻ ഭാരതവും ഏറ്റെടുക്കുന്ന സാഹചര്യത്തിലേക്ക് വളരണം. ഇത് മുനമ്പത്തെ 560 കുടുംബങ്ങളെ മാത്രം ബാധിക്കുന്നൊരു പ്രശ്നമല്ല. മുഴുവൻ ഭാരതത്തിന്റെയും പ്രശ്നമാണിത്. ചതിയിൽ വീഴാൻ നമ്മൾ നിന്ന് കൊടുക്കേണ്ട കാര്യമില്ല. മോഹനവാഗ്ദാനങ്ങൾ നൽകി നമ്മളെ കീഴപ്പെടുത്താൻ ആരെയും അനുവദിക്കരുത്.
കാപട്യം മാറ്റിവച്ചുകൊണ്ട് യഥാർത്ഥ മനസോടെയാകണം നേതാക്കൾ മുനമ്പത്തേക്ക് വരേണ്ടത്. സമരത്തിന്റെ വിജയം കാണുന്നത് വരെ ഒരുമിച്ച് മുന്നോട്ട് പോകണം. ആരൊക്കെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും അതിലൊന്നും വീഴാതെ ഒരേയൊരു ലക്ഷ്യത്തിന് വേണ്ടി മുന്നേറാൻ കഴിയണമെന്നും ആർ വി ബാബു പറഞ്ഞു.