ഒല്ലൂർ: കാപ്പ കേസ് പ്രതിയെ പിടികൂടാൻ പോയ സിഐക്ക് കുത്തേറ്റു. ഒല്ലൂർ സിഐ ഫർഷാദ് ടിപിക്കാണ് കുത്തേറ്റത്. ഇടതു തോളിന് മുകളിൽ കുത്തേറ്റ സിഐ ആശുപത്രിയിലാണ്. അഞ്ചേരി സ്വദേശി മാരി എന്ന അനന്തു ആണ് പൊലീസിനെ ആക്രമിച്ചത്.
സിവിൽ പൊലീസ് ഓഫീസർ വിപിൻ ദാസിനും പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ ശേഷവും പൊലീസിന് നേരെ അനന്തു വെല്ലുവിളി തുടർന്നു. ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്കായി എത്തിച്ചപ്പോഴും പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്തും എന്നായിരുന്നു ഇയാളുടെ ഭീഷണി. പൊലീസിന് നേരെ അസഭ്യവർഷവും തുടർന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.