ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനായി മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി ബിജെപി. 7820078200 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ ആയുഷ്മാൻ ഭാരതത്തിൽ അംഗത്വമെടുക്കാം.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇന്ത്യയുലടനീളം പ്രവർത്തനക്ഷമമാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ദേവ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ വിരോധം കാരണം ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനെ പ്രതിരോധിക്കാനും ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് നൽകാനുമായി ഡൽഹിയിൽ സിഗ്നേച്ചർ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന എംപിമാർ ഫോമുകൾ വിതരണം ചെയതാണ് പദ്ധതിയെ കുറിച്ച് ബോധവാന്മാരാക്കുന്നത്.
പദ്ധതിയെയും അതിന്റെ ഗുണങ്ങളെയും കോടതി വരെ പിന്തുണയ്ക്കുമ്പോൾ ഡൽഹി സർക്കാർ എന്തുകൊണ്ടാണ് എതിർക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു. അരവിന്ദ് കെജ്രിവാൾ തരം താഴ്ന്ന രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന ഡൽഹി എംപി ബൻസുരി സ്വരാജ് വിമർശിച്ചു. പൊതുക്ഷേമത്തേക്കാൾ രാഷ്ട്രീയ താത്പര്യങ്ങൾക്കാണ് ആം ആദ്മി മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വരുമാനം പരിഗണിക്കാതെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ നാല് കോടിയിലേറെ പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങൾ ഒഴികെ രാജ്യത്ത് മറ്റൊല്ലായിടത്തും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പോര് പാവപ്പെട്ടവരുടെ അവകാശങ്ങളുടെ മേൽ കടന്നുകയറുകയാണ്.















