ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരായി എടുത്ത കേസിൽ നിയമോപദേശം തേടി അല്ലു അർജുൻ. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും അല്ലുവിനെതിരെ ചുമത്തിയിട്ടുണ്ട്. ആരാധകർ തടിച്ചുകൂടിയത് അറിഞ്ഞിട്ടും അത് വകവയ്ക്കാതെ തിയേറ്ററിൽ പുഷ്പ 2 കാണാനെത്തിയ അല്ലു അർജുനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.
അല്ലു അർജുൻ തിയേറ്ററിൽ എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടക്കുകയും, സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു. അതേസമയം അപകടമുണ്ടായതിൽ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമാണെന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചു. മരിച്ച രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ആരാധകർക്കായി ഒരുക്കിയ പ്രത്യേക ഷോ കാണുന്നതിനായാണ് അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയും എത്തിയത്. രാത്രി 11 മണിക്ക് തന്നെ തിയേറ്ററിന് മുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അർജുൻ കൂടി എത്തിയതോടെ ആരാധകരുടെ ആവേശം അതിരുവിടുകയായിരുന്നു.തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയും പിന്നാലെ വലിയ സംഘർഷമുണ്ടാവുകയുമായിരുന്നു. അപകടത്തിൽ മരിച്ച രേവതിയുടെ മകൻ ഉൾപ്പെടെ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.