ഹൈദരാബാദ്: പുഷ്പ-2ന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ മൗനം വെടിഞ്ഞ് താരം രംഗത്തെത്തിയത്. എക്സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ അല്ലു അർജുൻ തന്റെ ഖേദം രേഖപ്പെടുത്തി. മരിച്ച യുവതിയുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ കൈമാറുമെന്നും അല്ലു അർജുൻ പ്രഖ്യാപിച്ചു.
താരത്തിന്റെ വാക്കുകളിങ്ങനെ.. “സന്ധ്യ തിയേറ്ററിന് സമീപം നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. ഈ വേളയിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയാണ്. ഈ വേദനയിൽ അവർ ഒറ്റയ്ക്കല്ലെന്നും ഞാൻ ഉറപ്പ് നൽകുന്നു”- വീഡിയോ സന്ദേശത്തിനൊപ്പം താരം പങ്കുവച്ച അടിക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
പുഷ്പ 2 റീലിസിന്റെ തലേദിവസം പ്രീമിയർ ഷോ കാണാൻ അല്ലു അർജുൻ എത്തുന്നുവെന്ന വിവരമറിഞ്ഞ് ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററിൽ വൻ ജനക്കൂട്ടമായിരുന്നു എത്തിയത്. തീയേറ്ററിന്റെ ഗേറ്റ് തകർന്നതോടെ എല്ലാവരും ഒന്നിച്ച് പ്രവേശിക്കാൻ ശ്രമിച്ചു. ഇതാണ് അപകടത്തിന് കാരണമായത്. ഒമ്പത് വയസുള്ള മകന്റെ ആഗ്രഹപ്രകാരം അല്ലുവിനെയും പുഷ്പയേയും കാണാനെത്തിയ കുടുംബം അപകടത്തിൽപ്പെടുകയായിരുന്നു. ശ്വാസംമുട്ടി കുഴഞ്ഞുവീണ രേവതിയേയും മകനേയും ജനങ്ങൾ ചവിട്ടിമെതിച്ചു.
സംഭവസ്ഥലത്ത് വച്ചുതന്നെ രേവതി കൊല്ലപ്പെട്ടിരുന്നു. മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. രേവതിയുടെ ഭർത്താവ് ഭാസ്കർ തന്റെ ഭാര്യയുടെ വേർപാടിൽ മനംനൊന്ത് പ്രതികരിച്ചിരുന്നു. സംഭവത്തിൽ അല്ലുവിനെതിരെ കേസെടുക്കുമെന്ന വാർത്തകളും പുറത്തുവന്നു. അതിനിടെയാണ് പ്രതികരണവുമായി താരമെത്തിയത്.
രേവതിയുടെ മരണവാർത്ത തന്റെ ഹൃദയം തകർത്തുവെന്ന് അല്ലു അർജുൻ പറഞ്ഞു. അവരുടെ വിയോഗത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല. പ്രയാസമേറിയ ഈ ഘട്ടത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി പുഷ്പ ടീമും താനും ഒപ്പമുണ്ടാകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കും. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വൈകാതെ കൈമാറും. – അല്ലു അറിയിച്ചു.