കണ്ണൂർ: വഖ്ഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സ്ഥലമുടമ ഹൃദയാഘാതം വന്ന് മരിച്ചതായി കുടുംബം. കഴിഞ്ഞ മാർച്ചിലാണ് സംഭവം. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും ആയുർവേദ ഡോക്ടറുമായ വികാസ് മണ്ടോളാണ് മരിച്ചത്. വഖ്ഫ് ബോർഡിന്റെ നോട്ടീസ് വന്നതിന് പിന്നാലെ മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് വികാസ് മരണപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്.
നോട്ടീസ് ലഭിച്ച് അടുത്ത ദിവസമാണ് വികാസിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബംഗാൾ സ്വദേശികളായ കുടുംബം കഴിഞ്ഞ 15 വർഷമായി തളിപ്പറമ്പിലാണ് താമസിക്കുന്നത്. തളിപ്പറമ്പ് നഗരത്തിൽ തന്നെ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടറായിരുന്നു വികാസ്. ഇതിനിടെയാണ് തുടർച്ചയായി വഖ്ഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ ഒരു വർഷമായി വഖ്ഫിന്റെ നോട്ടീസ് കുടുംബത്തിന് തുടർച്ചയായി വന്നുകൊണ്ടിരുന്നു.
15 വർഷം മുമ്പാണ് തളിപ്പറമ്പിൽ സ്ഥലം വാങ്ങി വികാസ് വീട് വച്ചത്. കഴിഞ്ഞ മാർച്ചിൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വികാസ് വലിയ മാനസിക വിഷമത്തിലായിരുന്നെന്നും കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമോ എന്നോർത്ത് സങ്കടപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.
തളിപ്പറമ്പ് മേഖലയിൽ നിരവധി പേർക്കാണ് വഖ്ഫിന്റെ നോട്ടീസ് ലഭിച്ചത്. തളിപ്പറമ്പ് നഗരത്തിലുള്ളവർക്കും മന്ന ഭാഗത്തുള്ളവർക്കുമാണ് നോട്ടീസ് ലഭിച്ചത്.