മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത പരാജയത്തിന് പിറകെ മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകുന്നു. എംവിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു. ശിവസേന ഉദ്ധവ് വിഭാഗം ഹിന്ദുത്വ അജണ്ട തുടരുന്നുവെന്ന് ആരോപിച്ചാണ് എസ്‌പി സംസ്ഥാന അദ്ധ്യക്ഷൻ അബു അസീം ആസ്മി MVA സഖ്യം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
അയോദ്ധ്യയിൽ തർക്കമന്ദിരം തകർത്തവർക്കൊപ്പമാണ് ശിവസേന (UBT) വിഭാഗം. ബാബറി മസ്ജിദ് തകർത്തതിനെ ന്യായീകരിക്കുന്ന നിലപാടാണ് ശിവസേനയ്‌ക്കെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എസ്പി അദ്ധ്യക്ഷൻ വ്യക്തമാക്കി.
മഹാരാഷ്‌ട്ര നിയമസഭയിൽ എസ്പിക്ക് രണ്ട് എംഎൽഎകളാണുള്ളത്. മുംബൈയിലെ ശിവാജിനഗർ മണ്ഡലവും താനെയിലെ ഭിവണ്ഡി ഈസ്റ്റ് മണ്ഡലവും സമാജ്വാദി പാർട്ടിയുടേതാണ്. മാംഖുർദ്, റായിസ് ഷെയ്ഖ് എന്നിവരാണ് എസ്പിയുടെ ജനപ്രതിനിധികൾ. ഇരുവരും മഹാവികാസ് അഘാഡി സഖ്യം വിട്ടതായും നിലവിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തെ പിന്തുണയ്‌ക്കില്ലെന്നും എസ്പി സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമൊപ്പം നിൽക്കാൻ താത്പര്യമില്ലാത്തതിനാൽ സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നും എസ്പി വ്യക്തമാക്കി.
സീറ്റ് വിഭജന ചർച്ചകൾ ഉടലെടുത്തപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴും എംവിഎ മുന്നണിയിൽ യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല. യോഗങ്ങളിൽ പങ്കെടുക്കാൻ എസ്പി നേതാക്കളെ വിളിക്കുക പോലും ചെയ്തിരുന്നില്ല. സംയുക്ത റാലികളിൽ ഭാഗമാകാനും ക്ഷണിച്ചില്ല.- അബു അസീം ആസ്മി പറഞ്ഞു.
എംവിഎ സഖ്യത്തിൽ ശിവസേന ഉദ്ധവ് വിഭാഗവും കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവുമാണ് ശേഷിക്കുന്നത്. സഖ്യത്തിനിടയിലെ അഭിപ്രായ ഭിന്നതകൾ വർദ്ധിക്കാൻ തെരഞ്ഞെടുപ്പ് തോൽവി ഇടയാക്കിയിരുന്നു. അയോദ്ധ്യ തർക്ക മന്ദിര വിഷയം സംബന്ധിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് എക്സിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ എസ്പിയെ കലിപ്പിലാക്കിയതും മുന്നണി വിടാൻ പ്രേരിപ്പിച്ചതും.