ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം
ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025ന് ശേഷമായിരിക്കും മാർപാപ്പയുടെ സന്ദർശനം. ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ഇന്ത്യ ഇതിനകം ഔദ്യോഗിക ക്ഷണം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മാർപാപ്പയുടെ സന്ദർശനം സംബന്ധിച്ച അന്തിമ ക്രമീകരണങ്ങളും സമയവും വത്തിക്കാൻ തീരുമാനിക്കും. ആർച്ച് ബിഷപ്പ് ജോർജ്ജ് ജേക്കബ് കൂവക്കാടിനെ കർദിനാളായി സ്ഥാനാരോഹണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിയ സംഘത്തിന്റെ ഭാഗമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ. കർദിനാൾമാരായി ഉയർത്തപ്പെട്ട 21 പുരോഹിതരിൽ ഒരാളാണ് ജോർജ്ജ് ജേക്കബ് കൂവക്കാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിസ്ത്യൻ സമൂഹവും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റോമൻ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ പ്രതീക്ഷിച്ചതിനേക്കാൾ മുൻപുതന്നെ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ഗോവ മന്ത്രി മൗവിൻ ഗോഡിഞ്ഞോ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഈ വർഷം ജൂണിൽ തെക്കൻ ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.















