കണ്ടാൽ പളുങ്ക് വസ്തുവെന്ന് തോന്നുന്ന വിധത്തിൽ ഗുളിക രൂപത്തിലിരിക്കുന്ന മീനെണ്ണ ബഹുഭൂരിപക്ഷം ആളുകൾക്കും സുപരിചിതമാണ്. ചിലതരം മത്സ്യങ്ങളുടെ പേശികളിൽ നിന്നോ വയറിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്നോ വേർതിരിച്ചെടുക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണയാണ് മീനെണ്ണ.
ഈ എണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡും, ഡി എച്ച് എ, ഇ പി എ തുടങ്ങിയ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഒമേഗ ഫാറ്റി ആസിഡുകൾ മത്സ്യങ്ങൾ സ്വയം നിർമിക്കുന്നതല്ല. ധാരാളം ആൽഗേകളും ചെറു മത്സ്യങ്ങളും കഴിക്കുന്നത് വഴി മത്സ്യങ്ങളുടെ വയറ്റിൽ അടിഞ്ഞു കൂടുന്നതാണ് ഈ പോഷക ഘടകങ്ങൾ. ഗുളികയുടെ രൂപത്തിലിരിക്കുന്ന മീനെണ്ണയ്‌ക്ക് രൂക്ഷ ഗന്ധമുള്ളതിനാൽ പലരും ഇത് കഴിക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇനി മീനെണ്ണ വേണ്ടെന്ന് പറഞ്ഞ് മാറ്റി നിർത്തേണ്ട. ഗുണത്തിന്റെ കാര്യത്തിൽ ആള് പുലിയാ.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ഒട്ടുമിക്ക ചർമ്മ പ്രശ്‌നങ്ങൾക്കും മീനെണ്ണയിലൂടെ പരിഹാരം കാണാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ദിവസവും ഒരു മീനെണ്ണ ഗുളിക വീതം കഴിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി ചർമ്മം ദൃഢപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചർമ്മം വരണ്ടുണങ്ങുന്നത് തടഞ്ഞ് ഈർപ്പം നിലനിർത്തുന്നു. വെയിലേറ്റുണ്ടായ ടാൻ കുറയ്‌ക്കാനും സെബം നിലനിർത്താനും ഇത് സഹായിക്കും.
ത്വക്ക് വിണ്ടുകീറുന്നത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും മുടി വളർച്ചയ്‌ക്കും ഉത്തമമാണ് മീനെണ്ണ. മുടിയിഴകൾക്ക് കരുത്തേകുന്നതിനും മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും മീനെണ്ണ കഴിക്കാം..