ഷാർജ: യു.എ.ഇ.ദേശീയദിന അവധിദിവസങ്ങളിൽ ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ എമിറേറ്റിൽ ഗുരുതര അപകടങ്ങളോ മരണങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അവധിദിവസങ്ങളിൽ പൊതുസുരക്ഷയ്‌ക്കായി ഷാർജയിലെ പാർക്കുകളും പാർപ്പിട പ്രദേശങ്ങളും ഉൾപ്പടെയുള്ള പ്രധാന ആഘോഷ സ്ഥലങ്ങളിലായി 241 പൊലീസ് സംഘങ്ങളെ പട്രോളിങ്ങിനായി വിന്യസിച്ചിരുന്നു.
ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാനും അപകടങ്ങൾ കുറയ്‌ക്കാനും മരണങ്ങളില്ലാതാക്കാനും പട്രോളിങ്ങിലൂടെ സാധിച്ചു. ഈ കാലയളവിൽ 41,443 ഫോൺ വിളികൾ ഓപ്പറേഷൻ സെന്റർ കൈകാര്യം ചെയ്തു. 999 എന്ന നമ്പറിലുള്ള എമർജൻസി കോൾ സെന്റർ 35,123 വിളികളും 901 എന്ന നമ്പറിലുള്ള നോൺ എമർജൻസി കോൾ സെന്റർ 6,320 വിളികളുമാണ് കൈകാര്യം ചെയ്തതെന്നും ഷാർജ പൊലീസ് അറിയിച്ചു.
പ്രാദേശിക ഓപ്പറേഷൻ റൂമുകളുടെ സഹായത്തോടെയാണ് പൊതുജനങ്ങളുടെ അഭ്യർത്ഥനകളോട് അതിവേഗം പ്രതികരിക്കാനായത്. ആഘോഷങ്ങളിൽ സുരക്ഷിതമായി പങ്കെടുത്തതിനും മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചതിനും ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് നന്ദിയറിയിച്ചു