തൃശ്ശൂർ: കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ പുകഴ്‌ത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന്റെ വികസനകാര്യത്തിൽ ഗഡ്കരിക്ക് പോസിറ്റീവ് സമീപനമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. തൃശൂർ ചിറങ്ങര റെയിൽവേ മേൽപ്പാലം ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗത്തിലാണ് റിയാസ് ഇതു പറഞ്ഞത്.
“ഉദ്ഘാടനച്ചടങ്ങിലേക്ക് താൻ വരുന്നത് ഡൽഹിയിൽ ഗഡ്കരിയുമായുള്ള ചർച്ചക്കുശേഷമാണ്. കേരളത്തിലെ ഒട്ടേറെ പദ്ധതികൾ അദ്ദേഹവുമായി ചർച്ചചെയ്തു. അനുകൂലസമീപനമാണ് ഉണ്ടായത്” അദ്ദേഹം വിശദീകരിച്ചു. വികസനത്തിന്റെ കാര്യത്തിൽ ഒന്നിച്ചുനിൽക്കണമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
കാസർകോടു മുതൽ തിരുവനന്തപുരം വരെയുള്ള ആറുവരിദേശീയപാത 2025 ഡിസംബറിൽ പൂർത്തിയാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ പാത (എൻഎച്ച്)-66, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവൃത്തികളുടെ പുരോഗതി യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
കാലതാമസം നേരിടുന്ന ഏഴ് പദ്ധതികളുടെ അലൈൻമെൻ്റ് മാറ്റത്തിന് അനുമതി നൽകാമെന്ന് ഗഡ്കരി ഉറപ്പ് നൽകിയതായി റിയാസ് വെളിപ്പെടെത്തി . ഈ ഏഴ് പദ്ധതികളുടെയും ആകെ ദൈർഘ്യം 460 കിലോമീറ്ററാണ്. ശബരിമല സീസണിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പുനലൂർ ബൈപാസ് വികസനത്തിന് കേന്ദ്രമന്ത്രി അനുമതി നൽകി. വാഹനങ്ങൾ കടന്നുപോകാൻ തിക്കോടിയിൽ അടിപ്പാത നിർമിക്കുന്നതിനും ഗഡ്കരി അനുമതി നൽകിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള 9 കിലോമീറ്റർ എലിവേറ്റഡ് റോഡ് നിർമാണത്തിന് നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.