ആരാധകർ കാത്തിരിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം പങ്കുവച്ച് ഛായാഗ്രാഹകനും സംവിധായകൻ തരുൺ മൂർത്തിയുടെ സുഹൃത്തുമായ ഫൈസ് സിദ്ദിഖ്. സിനിമയുടെ കുറച്ച് വിഷ്വൽസ് കണ്ടുവെന്നും ഭ്രമരത്തിലെ മോഹൻലാലിനെയാണ് തനിക്ക് അതിൽ കാണാൻ കഴിഞ്ഞതെന്നും ഫൈസ് സിദ്ദിഖ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫൈസ് സിദ്ദിഖ്.
“തുടരും സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ ഒരു ദിവസം പോയിരുന്നു. ചിത്രത്തിന്റെ ചില വിഷ്വൽസ് ഞാൻ കണ്ടു. ചില സീനുകൾ കാണുമ്പോൾ ഭ്രമരത്തിലെ ലാലേട്ടനെ പോലെയാണ് എനിക്ക് തോന്നിയത്. ശരിക്കും ഇമോഷൻസ് കൊണ്ട് ഞെട്ടിക്കുന്ന പ്രകടനമാണ് ലാലേട്ടന്റേത്. ഫാമിലി മാനായിട്ടുള്ള മോഹൻലാലിനെയാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ശരിക്കും ഞെട്ടിച്ചു. ലാലേട്ടന്റെ എക്സ്പ്രഷൻസൊക്കെ ഒരു രക്ഷയുമില്ല”.
“ഭ്രമരത്തിൽ എന്താണോ നമുക്ക് കിട്ടിയത് അത് തുടരും എന്ന സിനിമയിലും കിട്ടും. ഷൂട്ടിംഗ് ലോക്കേഷനിൽ എപ്പോഴും വളരെ സന്തോഷത്തിലാണ് ലാലേട്ടൻ ഇരിക്കുന്നത്. മഴ പെയ്യുമ്പോൾ പോലും അതൊന്നും കാര്യമാക്കാതെ എല്ലാവരും ഡാൻസ് കളിക്കുകയൊക്കെ ചെയ്യും. ഭയങ്കര രസമായിരുന്നു അവരുടെ ലൊക്കേഷൻ. ലാലേട്ടനോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അത് താൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും” ഫൈസ് സിദ്ദിഖ് പറഞ്ഞു.