മോസ്കോ: മിസൈൽ വേധ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ ഇനി ഇന്ത്യൻ നാവികസേനയുടെ ഭാഗം. റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കപ്പൽ കമ്മീഷൻ ചെയ്തു. സാങ്കേതിക മികവിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ മറ്റൊരു ഉദാഹരണമാണ് ഐഎൻഎസ് തുശീലെന്നും ഇന്ത്യയും റഷ്യയും സഹകരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങിയ ക്രിവാക് 3 ശ്രേണിയിലുള്ള ഏഴാമത്തെ യുദ്ധക്കപ്പലാണ് INS തുശീൽ. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് കപ്പലിന്റെ നിർമാണം റഷ്യയിൽ പൂർത്തിയായത്. 125 മീറ്റർ നീളവും 3,900 ടൺ ഭാരമുള്ള കപ്പലിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഉയർന്ന ശ്രേണിയിലുള്ള സർഫേസ്-ടു-എയർ മിസൈലുകൾ, നവീകരിച്ച മീഡിയം റേഞ്ച് ആൻ്റി-എയർ, ഉപരിതല തോക്കുകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധങ്ങളാണുള്ളത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, അന്തർവാഹിനികളെയുൾപ്പെടെ തകർക്കാൻ ശേഷിയുള്ള റോക്കറ്റുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവയും ഇക്കൂട്ടത്തിൽ പെടുന്നു.
മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തുശീൽ ഒളിയുദ്ധങ്ങൾക്ക് അനുയോജ്യമായ യുദ്ധക്കപ്പലാണ്. സ്റ്റെൽത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതിനാൽ റഡാർ, സോണാർ, ഇൻഫ്രാറെഡ് എന്നിവയ്‌ക്കൊന്നും കപ്പലിനെ കണ്ടെത്താനാകില്ല. കലിനിൻഗ്രാഡിലെ യന്തർ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, റഷ്യൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, റഷ്യയിലെ ഇന്ത്യൻ അംബാസഡർ എന്നിവരും പങ്കെടുത്തു.