കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഏതെന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ വാഹനമിടിച്ച് മരിച്ചത്. ആൽവിനെ ഇടിച്ചത് ഡിഫൻഡർ ആണെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ ബെൻസ് ആണ് ആൽവിനെ ഇടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അവകാശവാദം.
നിലവിൽ രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണുള്ളത്. വാഹമോടിച്ചവരെ ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് കൃത്യമായി കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. ആൽവിൻ നേരത്തെ ജോലി ചെയ്തിരുന്ന 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബെൻസും ഡിഫൻഡറും ചെയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യം റോഡിന്റെ നടുവിൽ നിന്ന് ആൽവിൻ പകർത്തുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട ഒരു കാർ ആൽവിനെ ഇടിച്ചുതെറിപ്പിച്ചത്.
കാറുകൾക്ക് നിയന്ത്രണം വിട്ടുവെന്ന് തോന്നിയതിന് പിന്നാലെ ആൽവിൻ പരിഭ്രാന്തനായെന്നും റോഡരികിലേക്ക് മാറിയെങ്കിലും ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാഹനമിടിച്ചതോടെ തെറിച്ചുവീണ ആൽവിൻ റോഡിന്റെ അരികിൽ തലയിടിച്ച് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ തന്നെ ആൽവിനെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഹോദരൻ കാറിലുണ്ടെന്നും മറ്റാരും വരേണ്ടതില്ലെന്നും കാറിലുണ്ടായിരുന്നവർ ഓടിക്കൂടിയവരോട് പറയുകയും ചെയ്തു.
രണ്ട് വാഹനങ്ങളുടേയും രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് വിവരം. അപകടമുണ്ടായ സ്ഥലത്ത് വാഹനങ്ങൾ അപകടകരമായി ഓടിച്ച് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അമിതവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലുമാണ് പല വാഹനങ്ങളും ഓടിക്കുന്നത്. ആളുകൾ നടന്നുപോകുന്നതും മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതുമൊന്നും റീൽസ് എടുക്കുന്നവർ നോക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ അപകടമുണ്ടായ സമയത്തും രണ്ട് കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നുവെന്നും, അവ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.















