കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മഞ്ചേരി സ്വദേശി സാബിത് റഹ്‌മാൻ, ഇടശ്ശേരി സ്വദേശി മുഹമ്മദ് റബിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിന് കാരണമായ രണ്ട് വാഹനങ്ങളും ഓടിച്ചവരാണിവർ. അപകടത്തിന് കാരണമായ വാഹനം ഏതെന്നതിൽ അനിശ്ചിതത്വം ഉണ്ടായിരുന്നുവെങ്കിലും, വിശദമായ അന്വേഷണത്തിനൊടുവിൽ ആൽവിനെ ഇടിച്ചത് ബെൻസ് ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആൽവിനെ ഇടിച്ചത് ഡിഫൻഡർ ആണെന്നാണ് പൊലീസ് എഫ്ഐആറിൽ നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ബെൻസ് ആണ് ആൽവിനെ ഇടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. സാബിത് ആണ് ആൽവിനെ ഇടിച്ച ബെൻസ് ഓടിച്ചിരുന്നത്. വാഹന ഉടമയുടെ ജീവനക്കാരനാണ് ഇയാൾ.
ഒരാഴ്ച മുൻപാണ് ഹൈദരാബാദിൽ നിന്നും വാഹനം ഇവിടേക്ക് എത്തിച്ചത്. അപകടമുണ്ടാക്കിയ ബെൻസിന് ഇൻഷുൻസ് ഇല്ല. ക്ലെയിം കിട്ടുന്നതിന് വേണ്ടിയാണ് വാഹനം മാറ്റി പറഞ്ഞതെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. ആൽവിൻ നേരത്തെ ജോലി ചെയ്തിരുന്ന 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബെൻസും ഡിഫൻഡറും ചെയ്സ് ചെയ്ത് വരുന്നതിന്റെ ദൃശ്യം റോഡിന്റെ നടുവിൽ നിന്ന് ആൽവിൻ പകർത്തുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട ഒരു കാർ ആൽവിനെ ഇടിച്ചുതെറിപ്പിച്ചത്.















