ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരായുള്ള കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ. ആർഎസ്എസിനെയും കോൺഗ്രസ് അനാവശ്യമായി അവിശ്വാസ പ്രമേയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്.
ആർഎസ്എസിനെ പ്രശംസിച്ച് കൊണ്ട് ധൻകർ സംസാരിച്ചത് ശരിയല്ലെന്നാണ് കോൺഗ്രസിന്റെ വാദം.
അവിശ്വാസ പ്രമേയത്തിലേക്ക് ആർഎസ്എസിനെ വലിച്ചെഴച്ച കോൺഗ്രസിന്റെ നടപടിയെ ചോദ്യം ചെയ്ത് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത് വന്നു. ” ആർഎസ്എസിനെ ജഗ്ദീപ് ധൻകർ പ്രശംസിച്ചതാണ് കോൺഗ്രസ് പ്രമേയത്തിലെ ഒരു കാര്യം. നമ്മുടെ രാജ്യത്തെ അഭിമാനകരമായ ദേശീയ സംഘടനയാണ് ആർഎസ്എസ്. അത്തരം ഒരു സംഘടനയെ പുകഴ്‌ത്തുന്നതിൽ എന്താണ് തെറ്റ്”,- റിജിജു ചോദിച്ചു.
നിയമവിരുദ്ധവുമല്ലാത്ത ഏത് സംഘടനയെയും ആർക്കും പ്രശംസിക്കാം. ഉപരാഷ്‌ട്രപതി ആർഎസ്എസിനെ കുറിച്ച് നല്ല വാക്ക് പറയുന്നത് കോൺഗ്രസ് എങ്ങനെയാണ് പ്രശ്നമാകുന്നത്. ഗാന്ധി കുടുംബവുമായുള്ള ജോർജ്ജ് സോറോസിന്റെ ബാന്ധവത്തിൽ നിന്നും ശ്രദ്ധതിരിച്ച് വിടാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയമെന്നും റിജിജു കൂട്ടിച്ചേർത്തു.
അദ്ധ്യക്ഷ പദവിയെ അവഹേളിക്കുന്ന തരത്തിലുള്ള ഇൻഡി മുന്നണിയുടെ പെരുമാറ്റത്തെ കഴിഞ്ഞ ദിവസവും മന്ത്രി വിമർശിച്ചിരുന്നു. ധൻകർജി എളിയ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. പാർലമെൻ്റിനകത്തും പുറത്തും കർഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അദ്ദേഹം സഭയെ നയിക്കുന്ന രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും റിജിജു പറഞ്ഞിരുന്നു.
പാർലമെൻ്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പെരുമാറ്റമാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി മുന്നണി പിന്തുടരുന്നത്. സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിൽ മുന്നണിക്കുള്ളിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്.















