റാഞ്ചി: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലുകൾ. പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ചാണ് 35 കാരനായ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ജില്ലയിൽ നക്‌സലുകൾ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണിത് .
ചൊവ്വാഴ്ച രാത്രി ഫാർസെഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോമൻപള്ളി ഗ്രാമത്തിലെ കുടിയം മാഡോ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു സംഘം നക്‌സലൈറ്റുകൾ മഡോയുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ലഘുലേഖയിൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകളുടെ നാഷണൽ പാർക്ക് ഏരിയ കമ്മിറ്റി ഏറ്റെടുക്കുകയും മാഡോ നക്സലുകളെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചുവെന്നും ആരോപിക്കുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ ആറിന് ജില്ലയിലെ ഒരു വനിതാ അംഗൻവാടി ഹെൽപ്പറെയും നക്സലുകൾ സമാന രീതിയിൽ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ, ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ ഈ വർഷം ഇതുവരെ നക്സൽ അക്രമങ്ങളിൽ 60 ലധികം പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 2023 ജനുവരിക്കും 2024 ഏപ്രിലിനും ഇടയിൽ ഒമ്പത് ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്.