കൊച്ചി: ശബരിമലയിൽ ഭക്തർക്ക് ഡോളി സൗകര്യം നിഷേധിക്കപ്പെട്ട സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർക്ക് ഡോളി എത്തിക്കുന്നതിനുള്ള സംവിധാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരടങ്ങിയ ബെഞ്ചിൻേതാണ് നിർണായക ഇടപെടൽ. ശാരീരിക അവശതയുള്ളവരുടെ വാഹനങ്ങൾ നിലയ്‌ക്കൽ പിന്നിടുമ്പോൾ തന്നെ പൊലീസ് പമ്പയിലേക്ക് വിവരങ്ങൾ കൈമാറണം. ഇതനുസരിച്ച് ആവശ്യമായ ഡോളികൾ സജ്ജമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ശാരീരിക അവശത അനുഭവിക്കുന്ന ഭക്തർക്ക് മലകയറാൻ എല്ലാ സൗകര്യവും ഒരുക്കിനൽകണമെന്നും ഇക്കാര്യങ്ങളിൽ പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്ത് വീഴ്ചയുണ്ടാവരുതെന്നും കോടതി വാക്കാൽ നിർദേശം നൽകി.
നേരത്തെ തിരുവനന്തപുരം പാലോട് സ്വദേശിയായ ദിവ്യാംഗൻ സജീവന് ഡോളി സൗകര്യം നിഷേധിക്കപ്പെട്ട സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പമ്പ ബസ്റ്റോപ്പിൽ എത്തിയ ഭക്തന് മല കയറാൻ ഡോളി ലഭിച്ചില്ലെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതി വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് പുതിയ നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.















