ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിലൂടെ (LoC) ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. പാക് അധീന കശ്മീരിൽ നിന്നുള്ള സാലിഖ് എന്ന യുവാവാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ബോധപൂർവം അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന ഇയാളെ ഗുൽപുർ സെക്ടറിൽ വച്ച് സൈന്യം പിടികൂടുകയായിരുന്നു.
പിടിയിലായ പാക് പൗരൻ ബന്ദി അബ്ബാസ്പൂർ സ്വദേശിയാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൂഞ്ച് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റിയാസി ജില്ലയിലെ മഹോറിലെ ലാപ്രി പ്രദേശത്ത് സുരക്ഷാ സേന സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം കണ്ടെത്തിയിരുന്നു.
ഒരു എകെ 47 റൈഫിൾ, മൂന്ന് എകെ 47 മാഗസിനുകൾ, രണ്ട് പിസ്റ്റളുകൾ , 511 AK-47 റൗണ്ട്സ് ഉൾപ്പെടെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളുമുള്ള ഒരു ഒളിത്താവളമാണ് കണ്ടെത്തിയത്. ആയുധങ്ങളുടെ ഉറവിടവും ഇതിന് തീവ്രവാദ പ്രവർത്തനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.