ഹിജാബ് നിയമത്തിൽ പരിഷ്കരണം വരുത്തി ഇറാൻ സർക്കാർ. ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്. കടുത്ത ശിക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം ഹിജാബ് നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവറടിയോ, ജയിൽ ശിക്ഷയോ ലഭിക്കും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 15 വർഷം വരെ തടവോ വധശിക്ഷയോ ആണ് ലഭിക്കുക.
ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകൾക്കായി ‘സൈക്യാട്രിക് ട്രീറ്റ്‌മെൻ്റ് സെൻ്റർ’ തുറക്കാൻ ഇറാൻ പദ്ധതിയിടുന്നു. ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകളെ സുഖപ്പെടുത്താൻ ഇറാൻ ‘ക്ലിനിക് ഫോർ ക്വിറ്റിംഗ് ഹിജാബ് റിമൂവൽ’ ആണ് തുറക്കുന്നത്. ക്ലിനിക്കുകൾ തടങ്കൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകർ ഈ നീക്കത്തെ അപലപിക്കുന്നു.
ആശയങ്ങൾ വിദേശ മാദ്ധ്യമങ്ങളിലും മനുഷ്യവകാശ സംഘടനകളിലും പ്രചരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമം ലംഘിക്കുന്ന സ്ത്രീകളെ സഹായിക്കുന്നവർക്ക് തടവോ പിഴശിക്ഷയോ ലഭ്യമാകുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. 2022ല്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതകാര്യ പൊലീസ് മഹ്‌സ അമിനി എന്ന 22കാരിയെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം സമാനതകളില്ലാത്ത പ്രക്ഷോഭമാണ് ഇറാനിൽ അരങ്ങേറിയത്. നിരവധി പ്രതിഷേധക്കാർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തിരുന്നു.