പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്ത്. അശ്രദ്ധയോടെയും അമിതവേഗത്തിലും ലോറി ഓടിച്ചതാണ് സിമന്റ് ലോറിയിൽ ഇടിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രജീഷിന്റെ ലോറി ഇടിച്ചതോടെയാണ് നിയന്ത്രണം വിട്ട സിമന്റ് ലോറി നാല് വിദ്യാർത്ഥിനികളുടെ മുകളിലേക്ക് മറിഞ്ഞത്.
പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്റ് കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ചത്. അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസർകോട് സ്വദേശികളായ മഹേന്ദ്ര പ്രസാദ്, വർഗീസ് എന്നിവരാണ് സിമന്റ് ലോറിയിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ നൽകിയ ശേഷം ഇവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
അതേസമയം ദാരുണ സംഭവത്തെ തുടർന്ന് കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായും പരീക്ഷകൾ മറ്റൊരു ദിവസം നടത്തുമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. സ്‌കൂളിലെ പൊതുദർശനം ഒഴിവാക്കി സമീപത്തെ ഹാളിലായിരിക്കും നാല് വിദ്യാർത്ഥിനികളുടെയും മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കുക.
ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ നാല് വിദ്യാർത്ഥിനികളാണ് ലോറിക്കടിയിൽപ്പെട്ടത്. അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായിരുന്നു. അപകടത്തിൽ നിന്നും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനി തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.















