ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രം ഭരണകർത്താക്കളും തന്ത്രിയും ചേർന്ന് കാലങ്ങളായി നടന്നുവന്നിരുന്ന ഏകാദശിനാളിലെ ഉദയാസ്തമന പൂജ വേണ്ട എന്ന് നിശ്ചയിച്ചത് അംഗീകരിക്കാവുന്നതല്ലെന്നും യോഗക്ഷേമസഭ പ്രസ്താവനയിൽ പറഞ്ഞു.
സാധാരണഗതിയിൽ ക്ഷേത്രത്തിലെ പൂജകൾ മുടങ്ങിയാൽ ചെയ്യുന്ന പ്രായശ്ചിത്തങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലും അടിയന്തിരമായി ചെയ്യണം. മുടങ്ങിയ പൂജകളും ആവർത്തിക്കണം. ജഗദ്ഗുരു ശ്രീശങ്കരാചാര്യർ ഒരു മിത്താണെന്ന തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിലപാടിൽ യോഗക്ഷേമ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ശങ്കരഭാഷ്യം ഉൾപ്പെടെയുളള കൃതികളുടെ കർത്താവായ ശ്രീശങ്കരാചാര്യരെ തളളിപ്പറഞ്ഞ തന്ത്രി ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനമാണെന്നും പ്രസ്താവനയിൽ യോഗക്ഷേമ സഭ കുറ്റപ്പെടുത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ അടിക്കടി നടക്കുന്ന ആചാരലംഘനങ്ങൾക്ക് തടയിടുന്നതിന് ഉത്തരവാദപ്പെട്ടവർ ശ്രമിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും ജനറൽ സെക്രട്ടറി കൊടുപുന്ന കൃഷ്ണൻപോറ്റിയും ആവശ്യപ്പെട്ടു.
ഹൈന്ദവ സംഘടനകളുടെയും ഭക്തജനങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് ഗുരുവായൂരിൽ ഏകാദശി നാളിലെ ഉദയാസ്തമന പൂജ ഒഴിവാക്കാൻ ഭരണസമിതി തീരുമാനിച്ചത്. ഇതിന് തന്ത്രിയും അനുമതി നൽകുകയായിരുന്നു. നൂറ്റാണ്ട് പഴക്കമുളള ഏകാദശി നാളിലെ ഉദയാസ്തമന പൂജ ഗുരുവായൂരിലെ ആചാരങ്ങളുടെ ഭാഗമല്ലെന്ന തന്ത്രിയുടെ നിലപാടും വലിയ ഭക്തജന പ്രതിഷേധത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു.