കൊല്ലം: ലോക്കൽ കമ്മിറ്റി ഓഫീസിൽ അടക്കം ലഹരിക്കച്ചവടം എന്ന സിപിഎം ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിവാദം. ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു ഗോവിന്ദന്റെ പരാമർശം. ലോക്കൽ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടന്നുവെന്നും ഇതിനെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചു എന്ന തരത്തിലായിരുന്നു സെക്രട്ടറിയുടെ വാക്കുകൾ. എന്നാൽ ഇത്ര ഗുരുതരമായ സംഭവമായിട്ടും കാര്യമായ നിയമനടപടിയിലേക്ക് പോകാതെ വിഷയം ഒതുക്കി തീർത്തതാണ് വിവാദമാകുന്നത്.
കേരളത്തിൽ തന്നെയാണ് ഈ അനുഭവം എന്ന മുഖവുരയോടെയായിരുന്നു ഗോവിന്ദന്റെ വാക്കുകൾ. ഗൗരവപൂർണമായ നിലപാടുകൾ സ്വീകരിക്കുന്നതിന് അവിടെ പോയി യോഗം ചേർന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായം സ്വീകരിച്ചു മടങ്ങിപ്പോകേണ്ടിവന്ന അനുഭവമുണ്ട്. പിന്നീട് നോക്കിയപ്പോഴാണ് മനസ്സിലാകുന്നത്, ലോക്കൽ കമ്മിറ്റി ഓഫിസിൽ പോലും ലഹരിമരുന്ന് കച്ചവടം നടത്തുന്ന കേന്ദ്രമായിരുന്നുവെന്ന്.
ഒരു പണക്കാരൻ ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വ്യക്തിപരമായി മുതലാക്കാമെന്നു കണ്ടു പണം ചെലവാക്കി പാർട്ടിയെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഉണ്ടായ പ്രശ്നമാണ്. ഈ കേരളത്തിൽ ഉണ്ടായതാണ്. ഞങ്ങൾ പരിശോധിച്ചതാണ്. ആ കമ്മിറ്റിയെ പിന്നീടു മാറ്റി. ആ പ്രവണതകളെല്ലാം മാറ്റി. ഇപ്രാവശ്യം യാതൊരു പ്രശ്നവുമില്ലാതെ അവിടെ സമ്മേളനം നടന്നു’– ഇതായിരുന്നു ഗോവിന്ദന്റെ വാക്കുകൾ
ആലപ്പുഴയിലെ ലഹരിക്കടത്തും തുടർ നടപടികളും ഏറെ ചർച്ചയായിരുന്നു. അന്ന് മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടിരുന്നു. എട്ട് വർഷമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരം കൈയടക്കിവെച്ചിരിക്കുന്നത് . ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാതെ പലപ്പോഴും നോക്കുകുത്തിയാകുകയാണ് പൊലീസ്. പാർട്ടി ഓഫീസിലെ ലഹരി കച്ചവടം വിഭാഗിയതയുടെ ഭാഗമാണെന്ന് സെക്രട്ടറി പറയുമ്പോൾ ഇതിൽ കൂടുതൽ എന്ത് നടപടിയാണ് പൊലിസിൽ പ്രതീക്ഷിക്കാനാകുക.