ഹൈദരാബാദ്: നടൻ അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ 2ന്റെ പ്രീമിയർ ഷോയ്‌ക്കായി സന്ധ്യ തിയേറ്ററിലെത്തിയ അല്ലുവിനെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തുകയും തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് യുവതി മരിക്കുകയും ചെയ്ത കേസിലാണ് നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാണ് അല്ലു അർജുനെ ഹാജരാക്കിയത്.
അറസ്റ്റിനെതിരെ അല്ലു അർജുൻ നൽകിയ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും താരത്തെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അർജുന്റെ ജൂബിലി ഹൗസിലെ വസതിയിലെത്തി താരത്തെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി നടന്റെ മെഡിക്കൽ പരിശോധനകൾ പൊലീസ് പൂർത്തിയാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മനപൂർവ്വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജി കോടതി പരിഗണിക്കുകയാണ്. തിയേറ്ററിലേക്ക് എത്തുന്ന കാര്യം തിയേറ്റർ അധികൃതരെ നേരത്തെ അറിയിച്ചിരുന്നുവെന്നും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് അപകടകാരണമെന്നും താരം വാദിച്ചു. സ്വന്തം സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് തിയേറ്ററിലേക്ക് പോയതെന്നും ആരാധകരെ നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും അല്ലുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി വാദിക്കുന്നത്.