ഹൈദരാബാദ്: പുഷ്പ പ്രീമിയർ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ, അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ആരാധകർ. കേസിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തുവെന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ പ്രതിഷേധവുമായി ആരാധകർ പൊലീസ് സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനായി വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അല്ലു അർജുൻ എന്ത് തെറ്റാണ് ചെയ്തതെന്നും തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലേയെന്നും പൊലീസ് സ്റ്റേഷന് മുന്നിൽ കൂടിയവർ ചോദിച്ചു. മരണത്തിന് അല്ലു അർജുനെ പ്രതിയാക്കുകയാണെങ്കിൽ ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകരെയും പ്രതിചേർക്കണമെന്നും ചിലർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ അല്ലു അർജുനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് ഹൈദരാബാദ് ജൂബിലി ഹിൽസിലെ വീട്ടിലെത്തി അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അറസ്റ്റ് ചെയ്ത അല്ലു അർജുനെ തെലങ്കാന നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് താരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് അല്ലു അർജുനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിൽ നിന്ന് പിന്മാറാൻ തയാറാണെന്ന് മരിച്ച യുവതിയുടെ ഭർത്താവ് അറിയിച്ചു.