ന്യൂഡൽഹി: തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്‌ക്കാൻ വേണ്ടിയാണ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷപണ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംസ്ഥാന-പ്രാദേശിക ഭരണകൂടത്തിന്റെ മോശം ക്രമീകരണം ചർച്ചയാകാതിരിക്കാനാണ് അല്ലു അർജുനെതിരെ തെലങ്കാന സർക്കാർ നടപടി സ്വീകരിച്ചതെന്ന് അശ്വിനി വൈഷ്ണവ് വിമർശിച്ചു.
ക്രിയേറ്റീവ് ഇൻഡസ്‌ട്രിയോട് യാതൊരു ബഹുമാനവും കോൺഗ്രസിനില്ല. അല്ലു അർജുന്റെ അറസ്റ്റ് അത് വീണ്ടും തെളിയിക്കുന്നു. സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തം സംസ്ഥാനത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും മോശം ഏകോപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ആ കുറ്റം മറച്ചുവെക്കാൻ സർക്കാർ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ്. – മന്ത്രി എക്സിൽ കുറിച്ചു.
തെലങ്കാന സർക്കാർ സിനിമാ പ്രവർത്തകരെ ആക്രമിക്കുന്നതിന് പകരം, ദുരന്തം നടന്ന ദിവസം ക്രമീകരണങ്ങൾ നടത്തിയവരെ ശിക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കുകയുമാണ് വേണ്ടത്. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴേക്കും ഇത്തരം സംഭവവികാസങ്ങൾ പതിവാകുന്നത് സങ്കടകരമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് 39-കാരി മരിച്ച സംഭവമാണ് നടൻ അല്ലു അർജുന്റെ അറസ്റ്റിലേക്ക് വഴിവച്ചത്. ഭർത്താവ് ഭാസ്‌കറിനും മകൻ സായ് തേജയ്‌ക്കും ഒപ്പം പ്രീമിയർ ഷോയ്‌ക്ക് എത്തിയ രേവതി തിരക്കിനിടെ കുഴഞ്ഞുവീഴുകയും ചവിട്ടേറ്റ് മരിക്കുകയുമായിരുന്നു. പ്രീമിയറിന് അല്ലു അർജുനും എത്തിയിരുന്നതിനാൽ വൻ ജനക്കൂട്ടമാണ് തിയറ്ററിലേക്ക് ഇരച്ചെത്തിയത്. ഇവരെ നിയന്ത്രിക്കുന്നതിൽ പൊലീസ് അടിമുടി പരാജയപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ അല്ലുവിനെതിരെ കേസെടുത്ത പൊലീസ് നടനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ കൈമാറുമെന്ന് അല്ലുവും പുഷ്പ ടീമും നേരത്തെ അറിയിച്ചിരുന്നു.