ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽ മോചിതൻ. ഇടക്കാല ജാമ്യ ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെ താരത്തെ ജയിൽ മോചിതനാക്കുകയായിരുന്നു. ചഞ്ചൽഗുഡ ജയിലായിരുന്നു താരത്തെ പാർപ്പിച്ചിരുന്നത്. സുരക്ഷാകാരണങ്ങളാൽ ജയിലിന്റെ പിൻഗേറ്റായ സിക ഗേറ്റ് വഴിയാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.
അല്ലു അർജുനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത തിയേറ്റർ ഉടമയും പുറത്തിറങ്ങി. പിതാവ് അല്ലു അരവിന്ദ്, ഭാര്യാപിതാവ് തുടങ്ങിയവർ അല്ലു, ജയിൽ മോചിതനാകുന്നതും കാത്ത് പൊലീസ് സ്റ്റേഷനിൽ നിന്നിരുന്നു. ഇവർക്കൊപ്പമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.
ഇന്നലെ രാത്രിയോടെ അല്ലുവിന്റെ അഭിഭാഷകൻ ജാമ്യ ഉത്തരവ് പൊലീസിന് കൈമാറിയിരുന്നു. എന്നാൽ രാത്രി വിട്ടയക്കുന്നതിന് തടസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അല്ലു അർജുനെ പൊലീസ് ജയിലിലാക്കിയത്. നടപടികൾ വൈകിപ്പിച്ചത് അല്ലുവിനെ ജയിലിലാക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നുവെന്ന് അഭിഭാഷകൻ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി മുതൽ അല്ലു അർജുന്റെ ജയിൽ മോചനത്തിനായി പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നത് നൂറുക്കണക്കിന് ആരാധകരാണ്. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സ്‌റ്റേഷൻ വളപ്പിൽ ആരാധകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും എന്നാൽ അവരുടെ മരണത്തിൽ അല്ലുവിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് താരത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
പുഷ്പ 2 പ്രമോഷന്റെ ഭാഗമായി സന്ധ്യ തിയേറ്ററിലേക്ക് അല്ലു അർജുൻ എത്തിയതോടെ ജനക്കൂട്ടം തീയേറ്ററിന്റെ ഉള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതോടെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന സ്ത്രീ മരിച്ചു. ഇവരുടെ മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.